ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 2026 തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പൂർത്തിയായി വരുന്നു. ശനിയാഴ്ച കേരള ഹൗസിൽ നിന്ന് ഒരു മൈൽ മാത്രം ദൂരത്തുള്ള സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ട് രേഖപ്പെടുത്തൽ രാവിലെ 7.30ന് ആരംഭിച്ച് രാത്രി 7.30ന് അവസാനിക്കും. ഏതാണ്ട് 4000 ത്തിലധികം സമ്മതിദായകർ അവരുടെ സമ്മതിധാന അവകാശം രേഖപ്പെടുത്താൻ എത്തും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനാ തെരഞ്ഞെടുപ്പിനെ സ്വതന്ത്രവും സുതാര്യവും മികവുറ്റതും ആക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ മാർട്ടിൻ ജോൺ, പ്രിൻസ് പോൾ, ബാബു തോമസ്, ട്രസ്റ്റീബോർഡ് ചെയർമാൻ ജിമ്മി കുന്നശേരി, പ്രസിഡന്റ് ജോസ് കെ. ജോൺ എന്നിവർ അറിയിച്ചു.